തന്റെ
ഫുട്‌ബോള്‍ ജീവിതത്തിലെ ഏറ്റവും അവിസ്‌മരണീയമായ ആ നിമിഷം പകര്‍ത്തിയത്
മാതൃഭൂമിയുടെ ആദ്യകാല ഫോട്ടോഗ്രാഫറായിരുന്ന എം.പി. പൗലോസായിരുന്നു.
ഇന്ത്യന്‍
ഫുട്‌ബോളിലെ ഏറ്റവും മികച്ച ഗോള്‍കീപ്പര്‍മാരുടെ പട്ടികയെടുത്താല്‍ മുന്‍നിരയില്‍
തന്നെയാണ് വിക്ടര്‍ മഞ്ഞില. എഴുപത്തുകളില്‍ ഇന്ത്യന്‍ ടീമിന്റെ ബാറിന് കീഴിലെ
ഏറ്റവും വിശ്വസ്ഥന്‍. മനസ്സില്‍ സൂക്ഷിക്കുന്ന കൊച്ചിയിലെയും കോഴിക്കോട്ടെയും
കൊല്‍ക്കത്തയിലെയുമെല്ലാം മൈതാനങ്ങളിലെ കളിനിമിഷങ്ങള്‍ക്കൊപ്പം വിക്ടര്‍ സ്വകാര്യ
ശേഖരത്തില്‍ കാത്തുസൂക്ഷിക്കുന്ന അമൂല്യമായൊരു ഫ്രെയിമുണ്ട്. ലെവ് യാഷിനെയും
മറ്റും അനുസ്‌മരിപ്പിക്കുന്ന തരത്തില്‍ ഗോള്‍പോസ്റ്റിന് കുറുകെ പറക്കുന്ന
ഒരുചിത്രം.
പഴയ ഓര്‍മകള്‍ക്കൊപ്പം, നാല് പതിറ്റാണ്ടിന്റെ പഴക്കത്തിലും
നിറംകെടാത്ത ജീവിക്കുന്ന ആ പടം ഒരിക്കല്‍ക്കൂടി തപ്പിയെടുത്തിരിക്കുകയാണ്
വിക്ടര്‍. തന്റെ ഫുട്‌ബോള്‍ ജീവിതത്തിലെ ഏറ്റവും അവിസ്‌മരണീയമായ ആ നിമിഷം
പകര്‍ത്തിയത് മാതൃഭൂമിയുടെ ആദ്യകാല ഫോട്ടോഗ്രാഫറായിരുന്ന എം.പി. പൗലോസായിരുന്നു.
പൗലോസിന്റെ ചരമവാര്‍ത്തയറിഞ്ഞപ്പോള്‍ വിക്ടറിന്റെ മനസ്സിലേയ്‌ക്ക് ആദ്യം
ഓടിയെത്തിയത് 1975ലെ ആ പഴയ ഫ്രെയിമാണ്. അന്നത്തെ സംഭവബഹുലമായ ഒരു
കാലമാണ്.
അന്ന് കേരളത്തിന്റെ സന്തോഷ് ട്രോഫി ക്യാപ്‌റ്റനായിരുന്നു വിക്ടര്‍
മഞ്ഞില. പ്രീമിയര്‍ ടയേഴ്‌സിന്റെ തന്നെ താരമായിരുന്നു വിക്ടറുടെ സ്വന്തം മൈതാനമായ
കളമശ്ശേരി മൈതാനത്തായിരുന്നു ടീമിന്റെ പരിശീലനം. ടീമിന്റെ ഒരുക്കങ്ങളുടെ
ചിത്രമെടുക്കാനെത്തിയതായിരുന്നു റിപ്പോര്‍ട്ടര്‍ക്കൊപ്പം പൗലോസ്. പോസ്റ്റിന്റെ
പിറകില്‍ ഒതുങ്ങിയിരുന്ന് അനേകം ചിത്രങ്ങള്‍ പകര്‍ത്തി പൗലോസ്. പിറ്റേ ദിവസത്തെ
പത്രം കണ്ടപ്പോള്‍ ശരിക്കും ആവേശഭരിതനായി വിക്ടര്‍ മഞ്ഞില. അതുവരെയായി മൂന്ന്
സന്തോഷ് ട്രോഫി കളിച്ചിട്ടുള്ള വിക്ടറിന്റെ അന്നോളം പതിയാത്തൊരു ചിത്രം.
പോസ്റ്റിന് കുറുകെ, മരങ്ങള്‍ക്ക് മീതെ ആകാശത്തെ തൊട്ടുരുമ്മി ഒരു
സൂപ്പര്‍മാനെപ്പോലെ പറക്കുന്ന പ്രതീതിയുള്ള, അപാരമായൊരു സേവിന്റെ ചിത്രം.
പത്രത്താളുകളില്‍ മാത്രം കണ്ടു പരിചയിച്ച ലെവ് യാഷിന്റെയും ഗില്‍മറുടെയും
ബ്രെറ്റ് ട്രൗട്ട്‌മാന്റെയുമൊക്കെ അമാനുഷിക ചിത്രങ്ങളുടേതിന് സമാനമായ ഒന്ന്.
അപാരമായൊരു പടമായിരുന്നു അന്ന് പൗലോസേട്ടന്‍ പകര്‍ത്തിയത്‌വിക്ടര്‍
പറഞ്ഞു.
കോഴിക്കോട്ട് നടന്ന സന്തോഷ് ട്രോഫിയില്‍ കേരളത്തിന് കിരീടം
സ്വന്തമാക്കാനായില്ലെങ്കിലും പൗലോസിന്റെ ചിത്രം ധ്വനിപ്പിച്ചപോലെ വിക്ടറുടെ ഭാവി
ആകാശത്തോളം തന്നെ ഉയര്‍ന്നു. പിന്നീട് മൂന്ന് സന്തോഷ് ട്രോഫി കൂടി കളിച്ച
വിക്ടര്‍ പ്രസിഡന്റ്‌സ് കപ്പിലും കിങസ് കപ്പിലും ഉള്‍പ്പടെ രണ്ട് വര്‍ഷം
ഇന്ത്യയുടെ ഗോള്‍വലയും കാത്തു. ഇന്ത്യ കണ്ടതില്‍ വച്ച് ഏറ്റവും മികച്ച
ഗോള്‍കീപ്പര്‍മാരില്‍ ഒരാള്‍ എന്ന പെരുമ സ്വന്തമാക്കിയതും പിന്നീടാണ്. ഇതിന്
ശേഷമോ ഇതുകഴിഞ്ഞോ ഇത്തരത്തിലൊരു ഗോള്‍കീപ്പറുടെ പടം ഇന്ത്യയില്‍
അച്ചടിച്ചുവന്നിട്ടില്ല എന്നതാണ് വാസ്‌തവം.
No comments:
Post a Comment