Tuesday, May 3, 2016

കേരള പ്രീമിയര്‍ ലീഗ്‌ അവസാനിക്കുന്നു സംഘാടകര്‍ വന്‍ സാമ്പത്തിക നഷ്ടത്തില്‍



കൊച്ചി: 
കേരള ഫുട്‌ബോള്‍ അസോസിയേഷന്റെ കേരള പ്രീമിയര്‍ ലീഗിനു ഈ സീസണോടെ തിരശ്ശീല വീഴുമെന്നുറപ്പായി. 
മൂന്നാമത്‌ കേരള പ്രീമിയര്‍ ലീഗിനു ആതിഥേയത്വം വഹിച്ച മൂവാറ്റുപുഴ ഫുട്‌ബോള്‍ ക്ലബിനു ടൂര്‍ണമെന്റ്‌ വന്‍ സാമ്പത്തിക നഷ്ടമാണ്‌ വരുത്തിയിരിക്കുന്നത്‌. ഏകദേശം 25 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഇനി ഇത്തരം ഒരു ടൂര്‍ണമെന്റിനു ഒരിക്കലും ആതിഥേയത്വം വഹിക്കില്ലെന്നു മൂവാറ്റുപുഴ ഫുട്‌ബോള്‍ ക്ലബിന്റെ ഭാരവാഹികള്‍ വ്യക്തമാക്കി. 
ഏപ്രില്‍ 16 മുതല്‍ മെയ്‌ ഒന്നുവരെ നീണ്ടു നിന്ന ടൂര്‍ണമെന്റില്‍ പുരുഷ വിഭാഗത്തില്‍ എട്ടും വനിതാ വിഭാഗത്തില്‍ നാലും ടീമുകളാണ്‌ പങ്കെടുത്തത്‌. ഈ കളിക്കാരുടെയും ഒഫീഷ്യലുകളുടേയും താമസം ,ഭക്ഷണം, വാഹന സൗകര്യം ,സ്റ്റേഡിയത്തിന്റെ അറ്റകുറ്റപ്പണി,വാടക,ഫ്‌ളെഡ്‌ലൈറ്റ്‌ എന്നിങ്ങനെ അനൗണ്‍സ്‌മെന്റ്‌ വരെയുള്ള ചെലവ്‌ കണക്കാക്കുമ്പോള്‍ ഒരുദിവസം മാത്രം ഒന്നര ലക്ഷം രൂപയോളം വേണ്ടിവന്നു. എന്നാല്‍ ടിക്കറ്റ്‌ വിറ്റ വകയില്‍ കിട്ടയത്‌ നാമമാത്രമായ തുകയും. സംഘാടകരുടെ കണക്കുകൂട്ടല്‍ തെറ്റിച്ചുകൊണ്ട്‌ കാണികള്‍ ഇല്ലാത്ത ഗ്യാലറിയെയാണ്‌ മത്സരത്തിലുടനീളം കാണുവാന്‍ കഴിഞ്ഞത്‌. ആദ്യ ദിവസങ്ങളിലും ഫൈനലിനും മാത്രമെ തരക്കേടില്ലാത്ത കാണികള്‍ വന്നെത്തിയുള്ളു. അതും ഭൂരിഭാഗവും ഓസ്‌ പാസ്‌. ആദ്യ രണ്ട്‌ ദിവസം 40,000ത്തിനടുത്ത്‌ കളക്ഷന്‍ ലഭിച്ചിരുന്നു.എന്നാല്‍ അതിനുശേഷം 10,000 രൂപയ്‌ക്കു താഴെയായി.ഒരു ദിവസം ഫ്‌ളെഡ്‌ലിറ്റ്‌ പ്രവര്‍ത്തിപ്പിക്കുന്നതിനു മാത്രം 12,000 രൂപയോളം വേണ്ടി വന്നിരുന്നു. ഈ തുകപോലും ടിക്കറ്റ്‌ വിറ്റവകയില്‍ ലഭിച്ചില്ല. 

കേരളത്തിലെ മറ്റു ഫുട്‌ബോള്‍ ക്ലബുകള്‍ക്കും ഈ ദുരന്തം പാഠമാകും. ഇതോടെ കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ ഇനി നടത്താന്‍ ഒരുങ്ങുന്ന കേരള സൂപ്പര്‍ ലീഗിന്റെ കാര്യവും പരുങ്ങലിലായി. എറണാകുളം ജില്ലയില്‍ നിന്ന്‌ ഒരു ടീമിനെ നല്‍കാമെന്നു ഏറ്റിരുന്ന മൂവാറ്റുപുഴ ഫുട്‌ബോള്‍ ക്ലബ്‌ ഇതോടെ ആ മോഹം ഉപേക്ഷിച്ചു. കെ.എസ്‌.എല്ലില്‍ നിന്നും പിന്മാറുകയാണെന്നു മൂവാറ്റുപുഴ ഫുട്‌ബോള്‍ ക്ലബ്‌ വ്യക്തമാക്കിയിട്ടുണ്ട്‌. 
കേരള പ്രീമിയര്‍ ലീഗ്‌ മത്സരങ്ങളുടെ നടത്തിപ്പിന്റെ കാര്യത്തിലും നിരവധി പാളിച്ചകള്‍ വന്നു. പുരുഷ വിഭാഗത്തില്‍ മത്സരിച്ച എട്ടു ടീമുകളില്‍ ആറും ഇന്‍സ്റ്റിറ്റിയൂഷണല്‍ ടീമുകളായിരുന്നു. പ്രാദേശിക ടീമുകളുടെ അഭാവം കാണികളുടെ ആവേശം കുറച്ചു. ആദ്യ പ്രീമിയര്‍ ലീഗ്‌ ജേതാക്കളായ ഈഗിള്‍സ്‌ എഫ്‌.സി. കൊച്ചി ഇത്തവണ എത്തിയില്ല. അതേപോലെ ഗോള്‍ഡന്‍ ത്രെഡ്‌സ്‌ കൊച്ചി, ക്വാര്‍ട്‌സ്‌ കോഴിക്കോട്‌ എന്നീ ടീമുകളും പിന്മാറി.
കൊച്ചിന്‍ പോര്‍ട്ട്‌ ട്രസ്‌റ്റ്‌ തന്നെ വായ്‌പയായി വാങ്ങിയ കളിക്കാരുമായിട്ടാണ്‌ എത്തിയത്‌. ഈ നിലവാര തകര്‍ച്ച മിക്ക ടീമുകളിലും വ്യക്തമായിരുന്നു. ഇന്ത്യന്‍ ഫുട്‌ബോളിന്റെ കറുത്ത മുത്ത്‌ സാക്ഷാല്‍ ഐ.എം.വിജയന്‍ തന്നെ കേരള പോലീസിനു വേണ്ടി കളിക്കാന്‍ എത്തുകയും ഒരു കളിയില്‍ ഇറങ്ങുകയും ചെയ്‌തു. എന്നാല്‍ വിജയന്റെ സാന്നിധ്യംപോലും ഫുട്‌ബോള്‍ പ്രേമികളെ ആകര്‍ഷിച്ചില്ല.
ഫിക്‌സചറിലെ ക്രമക്കേട്‌ കാരണം ടീമുകള്‍ക്ക്‌ തുടര്‍ച്ചയായി മത്സരങ്ങള്‍ കളിക്കേണ്ടിവന്നു. കളിക്കാര്‍ക്ക്‌ ചുരുങ്ങിയത്‌ 48 മണിക്കൂര്‍ എങ്കിലും വിശ്രമം വേണ്ടിയിരന്നുവെന്ന്‌ എസ്‌.ബി.ടി കോച്ചും മുന്‍ രാജ്യാന്തര താരവുമായ വി.പി.ഷാജി ചൂണ്ടിക്കാട്ടുന്നു.
കെ.എഫ്‌.എ നല്‍കിയ ഒഫീഷ്യലുകളും നിലവാരം കുറഞ്ഞവരായിരുന്നു. മത്സരത്തിനിടെ കളിക്കാരെ അസിസ്റ്റന്റ്‌ റഫ്‌റിമാര്‍ ശാസിക്കുന്നതും കാണാമായിരുന്നു.പുരുഷ വിഭാഗം ഗ്രൂപ്പ്‌ റൗണ്ടിനു ശേഷം സെമിഫൈനല്‍ ലൈനപ്പ്‌ മാധ്യമങ്ങള്‍ക്കു നല്‍കാന്‍ മാച്ച്‌ കമ്മീഷണര്‍ക്കു ഒരു ദിവസം വേണ്ടിവന്നു.
1995ല്‍ കൊച്ചി സന്തോഷ്‌ ട്രോഫിയ്‌ക്ക്‌ ആതിഥേയത്വം വഹിച്ചപ്പോള്‍ പ്രിലിമിനറി മത്സരങ്ങള്‍ മൂവാറ്റുപുഴയിലായിരുന്നു. ഈ പാരമ്പര്യമായിരുന്നു കേരള പ്രീമിയര്‍ ലീഗിനു ആതിഥേയത്വം നല്‍കാനുള്ള പ്രചോദനമായത്‌. . മൂവാറ്റുപുഴയില്‍ നടക്കുന്ന സെവന്‍സ്‌ ഫുട്‌ബോള്‍ ടൂര്‍ണമന്റുകളില്‍ തിങ്ങിനിറയുന്ന ഫുട്‌ബോള്‍ പ്രേമികളുടെ എണ്ണവും ആതിഥയരെ പ്രീമിയര്‍ ലീഗിനു ആതിഥേയത്വം വഹിക്കാന്‍ ധൈര്യം നല്‍കി. എന്നാല്‍ പ്രീമിയര്‍ ലീഗ്‌ അവസാനിച്ചപ്പോള്‍ സംഘാടകരുടെ കീശകാലി. ഗ്യാരണ്ടി മണിയായി കെ.എഫ്‌.എ യ്‌ക്കു നല്‍കിയിരിക്കുന്ന 10 ലക്ഷം രൂപ തിരിച്ചു കിട്ടുമെന്നതാണ്‌ ഇനി അല്‍പ്പം ആശ്വാസം.
ഒഫീഷ്യലുകളെയും ടീമിനെയും നല്‍കിയത്‌ ഒഴിച്ചാല്‍ കെ.എഫ്‌.എ കാര്യമായ ഒരു പങ്കും വഹിച്ചില്ല. ജനറല്‍ സെക്രട്ടറി പി.അനില്‍കുമാര്‍ കളി കാണുവാന്‍ വന്നത്‌ കേവലം രണ്ടു ദിവസം മാത്രം.ആദ്യ ദിവസം ഇടവേളയ്‌ക്കു മുന്‍പ്‌ തന്നെ സ്ഥലം വിടുകയും ചെയ്‌തു. കേരള ഫുട്‌ബോളിന്റെ കലണ്ടറിലെ ഈ പ്രധാന ടൂര്‍ണമെന്റ്‌ നടക്കുമ്പോള്‍ കെ.എഫ്‌.എ പ്രസിഡന്റ്‌ കെ.എം.ഐ മേത്തര്‍ വിദേശ പര്യടനത്തിലും.. 

No comments:

Post a Comment