കേരള പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍
എസ്.ബി.ടിയ്‌ക്ക് രണ്ട് ഗോള്‍ ജയം
എസ്‌ബിടി. 2 കൊച്ചിന്‍ പോര്‍ട്ട് ട്രസ്‌റ്റ് 0
മൂവാറ്റുപുഴ:
മൂവാറ്റുപുഴ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന മൂന്നാമത് കേരള പ്രീമിയര്‍ ലീഗിന്റെ ഗ്രൂപ്പ് ബിയിലെ ഇന്നലെ നടന്ന രണ്ടാം മത്സരത്തില്‍ എസ്‌ബി.ടി ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് കൊച്ചിന്‍ പോര്‍ട്ട് ട്രസ്‌റ്റിനെ പരാജയപ്പെടുത്തി.
ഗോള്‍ രഹിതമായ ഒന്നാം പകുതിക്കു ശേഷം രണ്ടാം പകുതിയിലാണ് രണ്ട് ഗോളുകളും. 55-ാം മിനിറ്റില്‍ ഷൈജുമോനും 65-ാം മിനിറ്റില്‍ മാര്‍ട്ടിന്‍ ജോണ്‍ പെനാല്‍ട്ടിയിലൂടെയും എസ്.ബി.ടിയ്‌ക്കുവേണ്ടി ഗോള്‍ നേടി.
ഇന്ന് കെ.എസ്.ഇ.ബി മൂന്നാം മത്സരത്തില്‍ കേരള ഇലവനെ നേരിടും.
കഴിഞ്ഞദിവസം കേരള ഇലവനോട് ഏകപക്ഷീയമായ മൂന്നു ഗോളുകള്‍ക്ക് തോറ്റ കൊച്ചിന്‍ പോര്‍ട്ട് ട്രസ്‌റ്റ് ഇന്നലെ തോല്‍വിയില്‍ നിന്നും പാഠങ്ങള്‍ ഉള്‍ക്കൊണ്ടാണ് കരുത്തരായ എസ്.ബി.ടിയെ നേരിടാനിറങ്ങയത്. മുന്‍ കേരളടീം ക്യാപ്‌റ്റന്‍ വി.പി.ഷാജിയുടെ ശിക്ഷണത്തില്‍ ഇറങ്ങിയ എസ്‌ബിടി ആദ്യ പകുതിയില്‍ നിരവധി അവസരങ്ങള്‍ മെനഞ്ഞുവെങ്കിലും ഗോള്‍ മാത്രം വലയില്‍ കയറിയില്ല. ഒന്നാം പകുതിയില്‍ കാല്‍ഡസനോളം കോര്‍ണര്‍ കിക്കുകളും എസ്.ബി.ടിയ്‌ക്ക് അനുകൂലമായി ലഭിച്ചു. പോര്‍ട്ട് ട്രസ്‌റ്റിന്റെ ബാറിനു കീഴില്‍ ഇന്നലെ അപാര ഫോമില്‍ നിന്ന ഗോള്‍ കീപ്പര്‍ ഗൗതം മുരളീധരന്‍ നിരവധി തവണ ഉജ്ജ്വല സേവുകള്‍ നടത്തി വലയം ഭദ്രമായി കാത്തു.
ആക്രമണങ്ങള്‍ ഒന്നും ഫലവത്താകാതെ വന്നതോടെ എസ്.ബി.ടി പരുക്കന്‍ അടവുകള്‍ പുറത്തെടുക്കാന്‍ തുടങ്ങി. എതിരാളിയെ കൈമുട്ടിനു ഇടിച്ചതിനു 36-ാം മിനിറ്റില്‍ എസ്.ബി.ടിയുടെ സന്തോഷ് ട്രോഫി താരം രാഹുല്‍ രാജിനു മഞ്ഞക്കാര്‍ഡും ഒന്നാം പകുതിയില്‍ ലഭിച്ചു.
രണ്ടാം പകുതിയുടെ 55-ാം മിനിറ്റല്‍ ആസൂതിതമായ ഒരു നീക്കത്തിലൂടെ എസ്.ബി.ടി തങ്ങളുടെ ആദ്യ ഗോള്‍ നേടി. എട്ടാം നമ്പര്‍ ജേഴ്‌സിയണിഞ്ഞ ഷൈജുമോന്റെ വകയാണ് എസ്.ബി.ടിയുടെ ഗോള്‍.
ഗോള്‍ നേടിയതോടെ എസ്.ബി.ടി ആക്രമണം ശക്തമാക്കി. 65-ാം മിനിറ്റില്‍ എസി.ബി.ടിയുടെ ആക്രമണം തടയാനുള്ള ബോക്‌സിനകത്തു നടന്ന കൂട്ടപ്പൊരിച്ചിലിനിടെ പന്ത് പോര്‍ട്ട് ട്രസ്‌റ്റിന്റെ പ്രതിരോധനിരയിലെ അമാനുള്ള ഖാന്‍ പന്ത് കൈകൊണ്ടു തടഞ്ഞു.ഇത് പെനാല്‍ട്ടിയില്‍ കലാശിച്ചു. കിക്കെടുത്ത മാര്‍ട്ടിന്‍ ജോണ്‍ ഗോള്‍ വല കുലുക്കി (2-0).
രണ്ടാം പകുതിയില്‍ കൊച്ചിന്‍ പോര്‍ട്ടിന്റെ മുന്‍നിരയില്‍ നി്‌ന്നും കാര്യമായ ഒരു നീക്കം പോലും വന്നില്ല. ഇതോടെ കളി ഏകപക്ഷീയമായി മാറി.
രണ്ടു കളികളും തോറ്റ കൊച്ചിന്‍ പോര്‍ട്ട് ട്രസ്‌റ്റിനു സെമിഫൈനല്‍ സ്വപ്‌നം ഇതോടെ അകലെയായി
No comments:
Post a Comment