കൊച്ചി: ഫിഫ അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോള്‍
മത്സരത്തിനുളള കൊച്ചിയിലെ കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു രാജ്യാന്തര സ്‌റ്റേഡിയത്തിലെ
നവീകരണ പ്രവര്‍ത്തനങ്ങള്‍ മെയ് 15 ന് തുടങ്ങും. ഇതോടൊപ്പം നാലു പരിശീലന
കേന്ദ്രങ്ങളുടെ നവീകരണത്തിനും തുടക്കമാകും. ഇതിനിടെ കുഫോസ് മൈതാനത്തിനു പകരം
ഫോര്‍ട്ടുകൊച്ചി പരേഡ് മൈതാനം പുതിയ പരിശീലന വേദിയായി തിരഞ്ഞെടുത്തിട്ടുണ്ട്.
ലോകകപ്പ് ഫുട്‌ബോള്‍ നോഡല്‍ ഓഫീസര്‍ എ.പി.എം മുഹമ്മദ് ഹനീഷിന്റെ അധ്യക്ഷതയില്‍
ചേര്‍ന്ന കര്‍മസമിതി യോഗത്തിലാണ് ഈ തീരുമാനം.
കലൂര്‍ സ്‌റ്റേഡിയം നവീകരണ
പ്രവര്‍ത്തനം നടത്തുന്നതിനുളള കണ്‍സള്‍ട്ടന്റ് ആയി സ്‌പോര്‍ട്‌സ് ടര്‍ഫ് ആന്റ്
ഗോള്‍ഫ് എന്റര്‍െ്രെപസസ് (ഇന്ത്യ) എന്ന സ്ഥാപനത്തെ നേരത്തെ നിശ്ചയിച്ചിരുന്നു.
ഫിഫ നിലവാരത്തില്‍ മൈതാനവും ഗാലറിയും മറ്റും സജ്ജമാക്കുകയാണ് അടുത്തപടി. ഇതിനായുളള
ടെന്റര്‍ നടപടികള്‍ക്ക് ഇന്നലെ തുടക്കമായിട്ടുണ്ട്.
കേന്ദ്രസംസ്ഥാന
സര്‍ക്കാരുകളുടെ വിഹിതമായ 25 കോടി രൂപ ചെലവിലാണ് നവീകരണ പ്രവര്‍ത്തനം, ഈ തുക മെയ്
19 നു ശേഷം ലഭ്യമാകും. കളിസ്ഥലം, സ്വീവേജ് ട്രീറ്റ്‌മെന്റ്, അഗ്‌നി പ്രതിരോധ
പ്രവര്‍ത്തനം, ടോയ്‌ലറ്റ് ബ്ലോക്ക് സജീകരണം, മത്സരവേദി, ശബ്ദ,വെളിച്ച സംവിധാനം,
കാനകളുടെ പുന:സംവിധാനം, ശീതീകരണ സംവിധാനം, കസേരകളുടെ പുന:ക്രമീകരണം തുടങ്ങിയവയാണ്
ഇനി നടത്തേണ്ട പ്രധാന പ്രവര്‍ത്തനങ്ങള്‍. ഇവയ്‌ക്കുളള ടെന്റര്‍ നടപടികളാണ്
ഇപ്പോള്‍ തുടങ്ങിയിട്ടുളളത്.
ഫോര്‍ട്ടുകൊച്ചി വെളി മൈതാനം, പരേഡ് മൈതാനം,
പനമ്പിളളി നഗര്‍ സ്‌പോര്‍ട് കോംപ്ലക്‌സ്, മഹാരാജാസ് കോളേജ് മൈതാനം
എന്നിവങ്ങളിലാണ് പരിശീലന വേദികള്‍ സജ്ജമാക്കുന്നത്. രാജ്യാന്തര തലത്തിലാകും
ഇവിടെയും സജീകരണം. നേരത്തെ കുഫോസ് മൈതാനം പരിശീലന കളരിയായി
നിശ്ചയിച്ചിരുന്നെങ്കിലും ഫിഫ അധികൃതരുടെ നിര്‍ദേശ പ്രകാരമാണ് പുതിയ വേദി
കണ്ടെത്തിയത്.
യോഗത്തില്‍ ടൂര്‍ണമെന്റ് ഡയറക്ടര്‍ ജാവിയര്‍ സിപ്പി, മല്‍സരവേദി
ഹെഡ് റോമ ഖന്ന, ജി.സി.ഡി.എ. ചെയര്‍മാന്‍ എന്‍.വേണുഗോപാല്‍, കൊച്ചി നഗരസഭ
സെക്രട്ടറി അമിത് മീണ, ജി.സി.ഡി.എ. സെക്രട്ടറി ആര്‍.ലാലു, കെ.സി.എ. സെക്രട്ടറി
ജയേഷ് ജോര്‍ജ്, കെ.എഫ്.എ. അഡ്‌മിനിസ്‌ട്രേറ്റര്‍ വിനുജ ആനന്ദ്,
ആര്‍.ബി.ഡി.സി.കെ. എ.ജി.എം. കെ.കെ. അബ്ദുള്ളക്കുട്ടി, പൊതുമരാമത്ത് കെട്ടിടവിഭാഗം
എക്‌സിക്യട്ടീവ് എഞ്ചിനീയര്‍ ബിന്ദു, വിദ്യാഭ്യാസ ഉപഡയറക്ടര്‍ എം.കെ.ഷൈന്‍മോന്‍
തുടങ്ങിയവര്‍ പങ്കെടുത്തു.
No comments:
Post a Comment