Tuesday, September 15, 2015

കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലന ചൂടിലേക്ക്.



കൂട്ടുകാരെല്ലാം കടല്‍ കടന്ന് പറന്നപ്പോള്‍ 'സ്വദേശി'യായി കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലനത്തിന്റെ ചൂടിലേക്ക്. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ മിന്നിത്തിളങ്ങാന്‍ തിരുവനന്തപുരത്താണ് ബ്ലാസ്റ്റേഴ്‌സ് താരങ്ങളുടെ കൂടാരമൊരുക്കുന്നത്. ഇന്ത്യന്‍ താരങ്ങളില്‍ ചിലര്‍ വ്യാഴാഴ്ച തിരുവനന്തപുരത്തെത്തിയിട്ടുണ്ട്. മലയാളി താരം മുഹമ്മദ് റാഫി അടക്കമുള്ള മറ്റ് താരങ്ങള്‍ വെള്ളിയാഴ്ച എത്തും. ഇന്ത്യന്‍ ക്യാമ്പിലുള്ള മലയാളി താരം സി.കെ. വിനീത് അടക്കമുള്ളവര്‍ 10-നാകും ടീമിനൊപ്പം ചേരുന്നത്. വിദേശ താരങ്ങളും വെള്ളിയാഴ്ച മുതല്‍ എത്തിത്തുടങ്ങുമെന്നാണ് കരുതുന്നത്. തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലാണ് ടീം പരിശീലനം നടത്തുന്നത്.

തിരുവനന്തപുരത്തെ ചൂടന്‍ കാലാവസ്ഥയില്‍ പരിശീലനം തുടങ്ങുന്ന ബ്ലാസ്റ്റേഴ്‌സിന് ടീം സെറ്റാക്കാന്‍ ഒരാഴ്ചയിലേറെ കാത്തിരിക്കണം. ബെംഗളൂരുവില്‍ ഇറാനെതിരായ ലോകകപ്പ് യോഗ്യതാ റൗണ്ട് മത്സരത്തിനു ശേഷമേ മലയാളി താരം സി.കെ. വിനീത് അടക്കമുള്ള ഇന്ത്യന്‍ കളിക്കാര്‍ തിരുവനന്തപുരത്തെ ക്യാമ്പിലെത്തുകയുള്ളൂ. എല്ലാവരും എത്തിയ ശേഷമേ ടീം സൗഹൃദ മത്സരങ്ങള്‍ അടക്കമുള്ള പരിശീലനത്തിലേക്ക് മാറുകയുള്ളൂ. അത്തരത്തിലുള്ള ആസൂത്രണമാണ് കോച്ച് പീറ്റര്‍ ടെയ്‌ലറും സഹ പരിശീലകന്‍ ട്രെവന്‍ മോര്‍ഗനും താത്പര്യപ്പെടുന്നത്. തിരുവനന്തപുരത്തെ പരിശീലനം കഴിഞ്ഞ് ഗോവയിലേക്ക് പോകുന്ന ബ്ലാസ്റ്റേഴ്‌സ് സപ്തംബര്‍ അവസാനത്തോടെയാകും കൊച്ചിയില്‍ തിരിച്ചെത്തുന്നത്. 

അതേസമയം ബ്ലാസ്റ്റേഴ്‌സിനൊപ്പം ഐ.എസ്.എല്ലില്‍ കളിക്കുന്ന ടീമുകളെല്ലാം വിദേശത്ത് പരിശീലനം തുടങ്ങിക്കഴിഞ്ഞു. അത്‌ലറ്റികോ ഡി കൊല്‍ക്കത്ത സ്‌പെയിനിലെ മാഡ്രിഡിലാണ് പരിശീലനം നടത്തുന്നത്. ബ്രസീലിയന്‍ താരം റോബര്‍ട്ടോ കാര്‍ലോസ് എത്തിയതോടെ കിരീട പ്രതീക്ഷകളിലായ ഡെല്‍ഹി ഡൈനാമോസ് പരിശീലനം മുഴുവന്‍ വിദേശത്താക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. യൂറോപ്പിലെ പരിശീലനം സ്വീഡന്‍, ഡെന്‍മാര്‍ക്ക്, നോര്‍വേ എന്നിവിടങ്ങളിലായി ഒരു മാസത്തോളം നടത്താനാണ് ഡല്‍ഹി സംഘം യാത്ര തിരിച്ചിരിക്കുന്നത്.

ഇറ്റാലിയന്‍ താരം മാര്‍ക്കോ മറ്റരാസിയുടെ ശിക്ഷണത്തിലിറങ്ങുന്ന ചെന്നൈയിന്‍ എഫ്.സി.യുടെ പരിശീലനം ഇറ്റലിയിലെ പെറൂജിയയിലാണ്. തുര്‍ക്കിയിലെ ഗ്ലോറിയ സ്‌പോര്‍ട്‌സ് അറീനയിലാണ് പുണെ എഫ്.സി.യുടെ പടയൊരുക്കം. ബ്രസീലിയന്‍ താരം സീക്കോയുടെ പരിശീലനത്തിനിറങ്ങുന്ന ഗോവ എഫ്.സി. ദുബായിയിലാണ് പരിശീലനം നടത്തുന്നത്. ഇന്ത്യന്‍ നായകന്‍ സുനില്‍ ഛേത്രിയുടെ മുംബൈ എഫ്.സി.യും ദുബായിയില്‍ തന്നെയാണ് പടയൊരുക്കം നടത്തുന്നത്. ആദ്യ മത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികളായ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്.സി. ദക്ഷിണാഫ്രിക്കയിലാണ് പരിശീലനം നടത്തുന്നത്. 

No comments:

Post a Comment