ഒടുവില്‍ ഇയാന്‍ ഹ്യൂമിന്റെ കണ്ണീരിന് അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത കിരീടംകൊണ്ടുതന്നെ പ്രായശ്ചിത്തം ചെയ്തു. ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ പ്രഥമ ഫൈനലില്‍ കേരള ബ്ലാസ്റ്റേഴ്‌സിനെ കീഴടക്കി ടീം കപ്പുയര്‍ത്തുമ്പോള്‍ തോല്‍വിയില്‍ കണ്ണീര്‍ വാര്‍ത്ത ഹ്യൂം മൈതാനത്തെ നൊമ്പരക്കാഴ്ചയായിരുന്നു. ബ്ലാസ്റ്റേഴ്‌സിനെ ഫൈനലിലെത്തിക്കാന്‍ മൈതാനത്ത് പറന്നുകളിച്ച മലയാളികളുടെ ഹ്യൂമേട്ടനെ രണ്ടാം സീസണില്‍ സ്വന്തം കൂടാരത്തിലെത്തിച്ച് കൊല്‍ക്കത്ത ടീം ആദരിച്ചിരുന്നു.
ഇതിന് തൊട്ടുപിന്നാലെ ക്ലബ്ബുടമകളായ അത്‌ലറ്റിക്കോ മാഡ്രിഡിന്റെ സ്റ്റേഡിയത്തിനുമുന്നില്‍ സൂപ്പര്‍ ലീഗ് കപ്പുമായി കൊല്‍ക്കത്ത ടീം നടത്തിയ പ്രദര്‍ശനത്തില്‍ അധികൃതര്‍ കിരീടമേല്‍പ്പിച്ചത് ഇയാന്‍ ഹ്യൂമിനെയും അര്‍ണബ് മണ്ഡലിനെയുമായിരുന്നു. കഴിഞ്ഞവര്‍ഷം ടീമിനായി കളിച്ചവരുള്ളപ്പോഴും കാനഡ താരത്തിന് ചുമതലനല്‍കിയത് കഴിഞ്ഞ സീസണില്‍ കരയിപ്പിച്ചതിനുള്ള പ്രായശ്ചിത്തമായിരുന്നു.
പ്രഥമസീസണില്‍ ടീമിനെ നയിച്ച ലൂയി ഗാര്‍ഷ്യ ഇത്തവണ ടീമിലുണ്ടായിരുന്നില്ല. എന്നാല്‍, നാറ്റോ, ബോറിയ ഫെര്‍ണാണ്ടസ്, ഹോസ്മി എന്നിവര്‍ ടീമിലുണ്ട്. എന്നാല്‍, കിരീടം സൂക്ഷിക്കാനുള്ള മുഖ്യചുമതല കഠിനാധ്വാനിയായ മണ്ഡലിനും ഹ്യൂമിനും നല്‍കുകയായിരുന്നു. ഇത്തവണ കിരീടം നിലനിര്‍ത്താനിറങ്ങുന്ന ടീമിന്റെ മുന്നേറ്റത്തിലെ പ്രധാന പ്രതീക്ഷയാണ് ഹ്യൂം. മാര്‍ക്വീതാരം ഹെല്‍ഡര്‍ പോസ്റ്റിഗയാണ് മുന്നേറ്റത്തിലെ പങ്കാളി. ബ്ലാസ്റ്റേഴ്‌സിനായി കഴിഞ്ഞ സീസണില്‍ അഞ്ചു ഗോളാണ് നേടിയത്.
No comments:
Post a Comment