മൂവാറ്റുപുഴ:
മൂവാറ്റുപുഴ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന മൂന്നാമത് കേരള പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ ഇന്നലെ നടന്ന ഗ്രൂപ്പ് ബി മത്സരത്തില്‍ നിലവിലുള്ള ചാമ്പ്യന്മാരായ എസ്.ബി.ടി മറുപടി ഇല്ലാത്ത നാല് ഗോളുകള്‍ക്ക് കേരള ഇലവനെ തരിപ്പണമാക്കി.
എസ്‌്.ബി.ടിയ്‌ക്കു വേണ്ടി ആദ്യ പകുതിയുടെ 38-ാം മിനിറ്റില്‍ മുന്‍ കേരള താരം ഉസ്‌മാന്‍ ആദ്യ ഗോള്‍ നേടി. രണ്ടാം പകുതിയില്‍ 51-ാം മിനിറ്റില്‍ സജിത് പൗലോസ് രണ്ടാം ഗോളും 53-ാം മിനിറ്റില്‍ പ്രസൂന്‍ മൂന്നാം ഗോളും 64-ാം മിനിറ്റില്‍ ഷിബിന്‍ ലാല്‍ നാലാം ഗോളും എസ്‌്.ബി.ടിയ്‌ക്കു വേണ്ടി നേടി.
കഴിഞ്ഞ മത്സരത്തില്‍ കെ.എസ്.ഇ.ബിയോട് 0-2നു തോറ്റ എസ്.ബി.ടി ഇന്നലെ ഉജ്ജ്വല തിരിച്ചുവരവ് കാഴ്‌ചവെച്ചു.
ഈ ജയത്തോടെ ഗ്രൂപ്പ് ബിയില്‍ എസ്.ബി.ടിയ്‌ക്കും കേരള ഇലവനും ആറ് പോയിന്റ് വീതമായി. ഇതോടെ ഇന്നു നടക്കുന്ന മത്സരം നിര്‍ണായകമായി .ഈ ഗ്രൂപ്പില്‍ നിന്നും ഏതൊക്കെ ടീമുകള്‍ സെമിഫൈനലിലേക്കു ബര്‍ത്ത് നേടുമെന്നു ഇന്നത്തെ മത്സരം വിധിയെഴുതും.
ഇന്ന് ലീഗ് റൗണ്ടിലെ അവസാന മത്സരത്തില്‍ കെ.എസ്.ഇ.ബി തിരുവനന്തപുരം ,കൊച്ചിന്‍ പോര്‍ട്ട് ട്രസറ്റിനെ നേരിടും. ആദ്യ രണ്ടു മത്സരങ്ങളും തോറ്റ കൊച്ചിന്‍ പോര്‍ട്ടിനു ഇന്ന് ജയിച്ചാലും സെമിയില്‍ പ്രവേശിക്കാന്‍ കഴിയില്ല. എന്നാല്‍ കെ.എസ്.ഇ.ബിയുടെ വഴിമുടക്കാന്‍ കഴിയും.
ഇന്നലെ ഇരുടീമുകളും കഴിഞ്ഞ ദിവസം കളിച്ച ടീമില്‍ നിന്നും രണ്ടു മാറ്റങ്ങള്‍ വരുത്തി. കേരള ഇലവന്‍ കഴിഞ്ഞ മത്സരത്തില്‍ ചുവപ്പ് കാര്‍ഡ് ലഭിച്ച മുഹമ്മദ് ആസിഫ്, ജിജേഷ് എന്നിവരെ ഒഴിവാക്കി. പകരം അഫ്‌സല്‍,രാഹുല്‍ എന്നിവരെ ആദ്യ ഇലവനില്‍ ഇറക്കി. എസ്.ബി.ടി ആദ്യ ഇലവനില്‍ നിന്ന് നിറം മങ്ങിയ നിലയിലായ മാര്‍ട്ടിന്‍ ജോണ്‍,ഷൈജുമോന്‍ എന്നിവരെ മാറ്റി. പകരം ഉസ്‌മാനെയും സജിത് പൗലോസിനെയും കൊണ്ടുവന്നു. ഈ നീക്കം ക്ലിക്ക് ചെയ്‌തു. മത്സര ഫലം ഇതു തെളിയിച്ചു.
എസ്‌്.ബി.ടിയ്‌ക്ക്‌് ഇന്നലെ വിജയം അനിവാര്യമായിരുന്നു. ആദ്യ രണ്ടു മത്സരങ്ങളും ജയിച്ച കേരള ഇലവന് ആകട്ടെ മൂന്നാം ജയത്തോടെ ഗ്രൂപ്പ് ജേതാക്കളാകുയായിരുന്നു ലക്ഷ്യം. എന്നാല്‍ കേരള ഇലവന്‍ ഇന്നലെ പാടെ ആലസ്യത്തിലായിരുന്നു. ചുവപ്പ് കാര്‍ഡ് കിട്ടിയ രണ്ടു കളിക്കാരെ നഷ്ടപ്പെട്ടത് അണ്ടര്‍ 21 താരങ്ങളെ ഇറക്കിയ കേരള ഇലവന് കനത്ത പ്രഹരമായി എസ്.ബി.ടിയ്‌ക്ക് ഇത് ഗുണം ചെയ്‌തു.
്ര
മുന്‍ കേരള സന്തോഷ് ട്രോഫി ക്യാപ്‌റ്റന്‍ വി.പി.ഷാജിയുടെ പരിശീലനത്തിന്‍ കീഴില്‍ കളിക്കുന്ന എസ്.ബി.ടി.ഇന്നലെ തുടക്കം മുതലേ ജയിച്ചേ മതിയാകൂ എന്ന ദൃഡനിശ്ചയത്തിലായിരുന്നു. വലത്തെ വിംഗില്‍ പ്രസൂനായിരുന്നു ഗോള്‍ മുന്‍നിരയില്‍ ഉസ്‌മാനു ഗോള്‍ എത്തിച്ചുകൊടുക്കുന്നതില്‍ പ്രധാന ദൗത്യം. 37-ാം മിനിറ്റി്‌ല്‍ കളി അല്‍പ്പം പരുക്കനായതിനു ജോണ്‍സന് മഞ്ഞക്കാര്‍ഡ് ലഭിച്ചു. തൊട്ടു പിന്നാലെ എസ്.ബി.ടി ഗോള്‍ നേടി. ഹാരി ബാസൂന്‍ നല്‍കിയ ത്രൂ പാസില്‍ നിന്നും ഉസ്‌മാന്‍ ലക്ഷ്യം കണ്ടു (1-0).
രണ്ടാം പകുതിയുടെ തുടക്കം തന്നെ എസ്.ബി.ടി ആക്രമണങ്ങള്‍ പുറത്തെടുത്തു. വലത്തെ വിംഗില്‍ നിന്നാണ് രണ്ടാമത്തെ ഗോള്‍. 51-ാ മിനിറ്റില്‍ ഹാരി ബസൂന്‍ നീട്ടിക്കൊടുത്ത പന്തില്‍ ബോക്‌സിനകത്തു കയറിയ സജിത് പൗലോസ് വല കുലുക്കി. (2-0). എസ്.ബി.ടി ആസൂത്രിതമായ മറ്റൊരു നീക്കത്തിലൂടെയാണ് രണ്ടു മിനിറ്റിനകം മൂന്നാം ഗോള്‍ കണ്ടെത്തിയത്. ഹാരിയും ഷിബിന്‍ലാലും കൈമാറിയ പന്ത് ബോക്‌സിനു വലത്തെ മൂലയില്‍ നിന്നും പ്രസൂന്‍ നേരെ നെറ്റ് ലക്ഷ്യമാക്കി (3-0).
പാടെ തകര്‍ന്നുപോയ കേരള ഇലവന് ആശ്വാസ ഗോളിനു അവസരം കൊടുക്കാതെ 64-ാം മിനിറ്റില്‍ ഷിബിന്‍ലാല്‍ ഇടത്തെ വിംഗില്‍ നിന്നും ഒരു ഇടങ്കാലന്‍ ഷോട്ടിലൂടെ നാലാം ഗോളും വലയിലാക്കി (4-0).
No comments:
Post a Comment