Saturday, April 16, 2016

കാഴ്‌ച്ച പരിമിതര്‍ക്കുള്ള ആള്‍ കേരള ക്രിക്കറ്റ്‌ ടൂര്‍ണ്ണമെന്റ്‌ തിങ്കളാഴ്‌ച്ച മുതല്‍ ആലുവയില്‍





കൊച്ചി: കാഴ്‌ച്ച പരിമിതിയുള്ളവരുടെ ക്രിക്കറ്റ്‌ പരിപോഷിപ്പിക്കുകയും വളര്‍ത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ ക്രിക്കറ്റ്‌ അസോസിയേഷന്‍ ഫോര്‍ ബ്ലൈന്‍ഡ്‌സ്‌ ഇന്‍ കേരള (സിഎബികെ) സംസ്ഥാന തലത്തില്‍ ക്രിക്കറ്റ്‌ ടൂര്‍ണമെന്റ്‌ സംഘടിപ്പിക്കുന്നു. ആലുവ ബ്ലൈന്‍ഡ്‌ സ്‌ക്കൂളില്‍ ഈ മാസം 18ന്‌ ആരംഭിക്കുന്ന മത്സരങ്ങള്‍ 24 ന്‌ അവസാനിക്കും. ഫൈനല്‍ മത്സരങ്ങളും ഇതേ ഗ്രൗണ്ടിലാണ്‌ നടക്കുക. 

9 ടീമുകളാണ്‌ ഇത്തവണ മത്സരത്തില്‍ പങ്കെടുക്കുന്നത്‌. എന്‍.എ.ബി ചലഞ്ചേഴ്‌സ്‌ തിരുവനന്തപുരം, കെ എഫ്‌ ബി ടൈഗേഴ്‌സ്‌ കോട്ടയം, അക്കാദമി സീഗള്‍സ്‌, ഡ്രാഗണ്‍ സ്റ്റാര്‍സ്‌ കെ എഫ്‌ ബി തൃശ്ശൂര്‍, ഷാര്‍പ്പ്‌ ഷൂട്ടേഴ്‌സ്‌ പാലക്കാട്‌, കെ എഫ്‌ ബി ടസ്‌കേഴ്‌സ്‌ മലപ്പുറം, മലബാര്‍ സൂപ്പര്‍ കിംഗ്‌സ്‌, യങ്‌സ്റ്റാര്‍ കണ്ണൂര്‍, റയിന്‍ബോ സ്റ്റാര്‍ കാസര്‍ക്കോട്‌ എന്നിവയാണ്‌ പങ്കെടുക്കുന്ന ടീമുകള്‍. 

മത്സര വിജയകള്‍ക്ക്‌ 20000 രൂപയും രണ്ടാം സ്ഥാനക്കാര്‍ക്ക്‌ 13000 രൂപയും മുന്നാം സ്ഥാനക്കാര്‍ക്ക്‌ 3000 രൂപയും സമ്മാനമായി നല്‍കും. പങ്കെടുക്കുന്ന ടീമുകള്‍ക്ക്‌ പ്രോത്സാഹന സമ്മാനവും നല്‍കും. ആലുവയില്‍ വെച്ച്‌ നടക്കുന്ന ചടങ്ങില്‍ എക്‌സൈസ്‌്‌ മന്ത്രി കെ ബാബു ടൂര്‍ണമെന്റ്‌ ഉദ്‌ഘാടനം ചെയ്യും. 

കാഴ്‌ച്ച്‌ പരിമിതിയുള്ളവര്‍ക്കായി 3 സംസ്ഥാന ക്രിക്കറ്റ്‌ ടൂര്‍ണമെന്റ്‌, 2 സ്‌കൂള്‍ ക്രിക്കറ്റ്‌ ടൂര്‍ണമെന്റ്‌, ടി-20 ഏഷ്യാ കപ്പ്‌ മത്സരങ്ങള്‍ തുടങ്ങിയവ നടത്തിയതിന്റെ ആത്മവിശ്യാസത്തിലാണ്‌ സി എ ബി കെ ടൂര്‍ണമെന്റ്‌ നടത്താന്‍ ഒരുങ്ങുന്നത്‌. താരങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കേരളാ സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതി വഴി മൂന്നു പേര്‍ക്ക്‌്‌ സര്‍ക്കാര്‍ വകുപ്പില്‍ ജോലിയും ലഭിച്ചു. കളിക്ക്‌ സ്‌പോണ്‍സര്‍മാരെ ലഭിക്കുന്നില്ല എന്നതാണ്‌ സിഎബികെ നേരിടുന്ന പ്രധാന വെല്ലുവിളി.

No comments:

Post a Comment